Kerala
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി 27ന് കേരളമെമ്പാടും ഊരുൽസവം നടത്തും. അടിമാലി കട്ടമുടിയിലെ ഊരുത്സവത്തിൽ വൈകുന്നേരം നാലിന് പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളു പങ്കെടുക്കും.
തനത് കലാപരിപാടികൾ, മുതിർന്നവരെ ആദരിക്കൽ, ഉന്നതികളുടെ വികസന വിഷയങ്ങളിൽ ചർച്ച തുടങ്ങി വിവിധ പരിപാടികൾ ഊരുൽസവത്തിന്റെ ഭാഗമായി നടത്തും. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികളാണ് സർക്കാർ സംഘടിപ്പിക്കുന്നത്.
Kerala
കണ്ണൂർ: കേരള ആയുർവേദ വകുപ്പിൽ കോടികൾ പൊടിച്ച് ഗവേഷണ വികസന പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്പോഴും ആവശ്യത്തിന് ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരെ നിയമിക്കാതെ സർക്കാരിന്റെ ഒളിച്ചുകളി. കേരളത്തിൽ ആയർവേദ വകുപ്പിൽ 30 ഡ്രഗ് ഇൻസ്പെക്ടർമാർ വേണ്ട സ്ഥാനത്ത് നിലവിൽ ഏഴു പേർ മാത്രമാണുള്ളത്. മൂന്നു പേരെ മാത്രമാണ് അടുത്ത നാളിൽ നിയമിച്ചത്. 23 പേരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നു.
27 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്ന സമയത്ത് മൂന്നു പോസ്റ്റ് മാത്രം വിജ്ഞാപനം ചെയ്ത പിഎസ്സിയുടെ നടപടിയിൽ ദുരൂഹതയുണ്ടെന്നാണു കറുവാപ്പട്ട കർഷകനും കണ്ണൂർ പയ്യാന്പലം സ്വദേശിയു മായ ലിയോനാർഡ് ജോൺ ദീപികയോടു പറഞ്ഞത്. ആയുഷിന്റെ നിർദേശ പ്രകാരം 10 മുതൽ 30 വരെയുള്ള സ്ഥാപനങ്ങൾക്ക് ഒരു ഇൻസ്പെക്ടർ എന്നതാണ് ചട്ടം. കേരളത്തിൽ 900ലധികം ആയുർവേദ മരുന്ന് കന്പനികൾ ഉണ്ട്.
900 ആയുർവേദ മരുന്ന് നിർമാണ യൂണിറ്റുകളെന്നു കണക്കാക്കിയാൽത്തന്നെ കേരളത്തിൽ 30 ഡ്രഗ് ഇൻസ്പെക്ടർമാർ വേണം. എന്നാൽ കേരളത്തിന്റെ സാന്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ബന്ധപ്പെട്ട തസ്തികയിൽ നിയമനം നടത്താനാകില്ലെന്നാണു സർക്കാർ വാദം. എന്നാൽ കേരള സർക്കാരിനു പ്രസ്തുത നിയമനത്തിൽ യാതൊരു ബാധ്യതയും ഇല്ലെന്നാണ് വിവരാവകാശ രേഖയിൽനിന്നു വ്യക്തമാകുന്നത്.
ആവശ്യത്തിനുള്ള ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരെ നിയമിക്കുന്നതിനുള്ള ഫണ്ട് കേരളത്തിന് ആയുഷ് അനുവദിക്കുന്നുണ്ട്. ആയുർവേദ മരുന്ന് നിർമാണ സ്ഥാപനങ്ങളെ സഹായിക്കാനാണ്, തങ്ങൾക്ക് ഒരു പൈസയുടെ ബാധ്യത ഇല്ലാത്ത നിയമനത്തിൽപോലും കേരള സർക്കാർ കള്ളക്കള്ളി തുടരുന്നതെന്നാണ് ലിയോനാർഡ് ജോണിന്റെ ആരോപണം.
പുതിയ കന്പനികൾക്കു ലൈസൻസ് ലഭ്യമാകാതിരിക്കുക, സാന്പിൾ എടുക്കൽ, മരുന്നുകളുടെ ഗുണനിലവാര പരിശോധന തുടങ്ങിയ കാര്യങ്ങൾ ഡ്രഗ് ഇൻസ്പെക്ടർമാരുടെ കുറവ് മൂലം നടക്കുന്നില്ല. കൂടുതൽ ഡ്രഗ് ഇൻസ്പെക്ടർമാരെ നിയമിച്ചാൽ ഡ്രഗ് വകുപ്പിൽ നടക്കുന്ന അഴിമതികളും കെടുകാര്യസ്ഥതകളും കുറയാനുള്ള സാഹചര്യമൊരുങ്ങും. അതേസമയം 338 ആയുർവേദ നിർമാണ യൂണിറ്റുകളുള്ള തമിഴ്നാട്ടിൽ 23 ഇൻസ്പെക്ടർമാരെ സർക്കാർ നിയോഗിച്ചു. യഥാർഥത്തിൽ 12 പേർ വേണ്ട സ്ഥാനത്താണ് ഇത്രയും പേരെ നിയോഗിച്ചത്.
സർക്കുലർ 167 പ്രകാരം താത്കാലികമായി ആയുർവേദ ഇൻസ്പെക്ടർമാരെ നിയമിക്കാനുമാകില്ല. ഇങ്ങനെ നിയമിച്ച 11 പേരെ പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം പിൻവലിക്കേണ്ടി വന്ന സാഹചര്യവും ഉണ്ടായിരുന്നു. ആയുഷ് ഫണ്ടായതിനാൽ സംസ്ഥാന സർക്കാരിന് ബാധ്യത വരുന്നില്ല. ജോലിക ൾ കൃത്യമായി നടക്കുകയും ചെയ്യും.
ജിസിഎംഎസ് ഉപകരണം ഉപയോഗിച്ച് മരുന്ന് പരിശോധിച്ചാൽ മാത്രമേ മരുന്നിന്റെ ഗുണമേന്മയും കീടനാശിനി, കാസിയ അംശവും അറിയാൻ കഴിയുകയുള്ളൂ. യൂറോപ്യൻ യൂണിയൻ, കാനഡ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള ആയുർവേദ മരുന്നുകൾ നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആയുർവേദ മരുന്നുകളിൽ മെർക്കുറി, ലെഡ്, ആർസെനിക് എന്നിവ പരിശോധിക്കുന്നില്ല എന്നതാണു കാരണം.
കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രി നടത്തിയ ഗവേഷണത്തിൽ പറയുന്നത് ഗുണനിലവാരമില്ലാത്ത ആയുർവേദ മരുന്നുകളുടെ ഉപയോഗം ലിവർ സിറോസിസിന് കാരണമാകുന്നുവെന്നാണ്.
കരൾ തകരാറിലായ 1,440 രോഗികളിൽ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
Kerala
തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യുവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്സ്) റഗുലേഷൻസ്, 2025ന്റെ കരട് മേയ് 30 ന് പൊതുജനങ്ങളുടെയും മറ്റ് കക്ഷികളുടെയും അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കുമായി കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു.
ഈ കരടിന്മേൽ ജൂലൈ 8,9,10,11 തീയതികളിൽ പൊതുതെളിവെടുപ്പ് ഓൺലൈനായി നടത്തുമെന്ന് കമ്മീഷൻ അറിയിച്ചിരുന്നു. എന്നാൽ ജൂലൈ 9 ന് പ്രഖ്യാപിച്ചിട്ടുള്ള പൊതുപണിമുടക്ക് പരിഗണിച്ച് ജൂലൈ 9 ലെ ഓൺലൈൻ ഹിയറിംഗ് ജൂലൈ 16ലേക്ക് മാറ്റിവച്ചതായി കമ്മീഷൻ അറിയിച്ചു.
ഓൺലൈൻ പൊതുതെളിവെടുപ്പിൽ പങ്കെടുക്കുവാനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്കും മറ്റ് തൽപ്പരകക്ഷികൾക്കും ഹിയറിംഗ് തീയതി, സമയം, ലിങ്ക് എന്നിവ ഇ-മെയിൽ / വാട്ട്സാപ്പ് മുഖേന അറിയിക്കുന്നതായിരിക്കും. കൂടാതെ കമ്മിഷന്റെ യൂട്യൂബ് (www. youtube.com/<\@>keralaerc) മുഖേന പൊതുതെളിവെടുപ്പിന്റെ ഓൺലൈൻ സ്ട്രീമിംഗ് ഉണ്ടായിരിക്കും. ഹിയറിംഗിൽ ഓൺലൈൻ ആയി പങ്കെടുക്കുവാൻ കഴിയാത്തവർക്ക് യൂട്യൂബ് ചാനൽ വഴി ഹിയറിംഗ് നടപടികൾ കാണാം.
കൂടാതെ പൊതുജനങ്ങൾക്കും മറ്റ് തൽപ്പരകക്ഷികൾക്കും അഭിപ്രായങ്ങൾ രേഖാമൂലം 14നു വൈകുന്നേരം അഞ്ചുവരെ അറിയിക്കാം.
Kerala
കൊച്ചി: കൊച്ചി പുറംകടലില്‍ മുങ്ങിയ ലൈബീരിയന്‍ ചരക്കുകപ്പല്‍ എംഎസ്സി എല്‍സ3 ല്‍നിന്നുള്ള എണ്ണ വീണ്ടെടുക്കലടക്കമുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അടുത്തമാസം ആദ്യം ആരംഭിച്ചേക്കും. ഇതിനായി സ്മിറ്റ് സാല്‍വേജിന്റെ നേതൃത്വത്തിലുള്ള 30 അംഗ ദൗത്യസംഘം പരിശീലനത്തിലാണ്.
ഡൈവ് സപ്പോര്‍ട്ട് വെസ്സലും സജ്ജമാണ്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വെസലും ദൗത്യസംഘവും വൈകാതെ എത്തും. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിലവില്‍ പുതിയ എണ്ണപ്പാട കണ്ടെത്തിയിട്ടില്ല. എണ്ണപ്പാട കണ്ടെത്താന്‍ കനറ മേഘ കപ്പല്‍ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്. അതിനിടെ കരയ്ക്കടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കുന്നത് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍നിന്ന് 350 ടണ്‍ പ്ലാസ്റ്റിക് തരികള്‍ നീക്കി. രാമേശ്വരത്തുനിന്ന് 200 ടണ്ണും കന്യാകുമാരിയില്‍നിന്ന് 50 ടണ്ണും നീക്കി.
വാന്‍ഹായ് 503 ലെ വെള്ളം വറ്റിക്കല്‍ വിജയം കാണുന്നു
ബേപ്പൂരിന് സമീപം പുറംകടലില്‍ തീപിടിച്ച വാന്‍ഹായ് 503 കപ്പലിന്റെ എന്ജിന് മുറിയിലെ വെള്ളം വറ്റിക്കല്‍ വിജയം കാണുന്നു. ഏഴു മീറ്ററോളം വെള്ളമുണ്ടായിരുന്നത് ഇപ്പോള്‍ 3.5 മീറ്റര്‍ വരെയായി. കപ്പല്‍ മുങ്ങുമെന്ന ആശങ്കയ്ക്ക് ഇതോടെ വിരാമമായതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് അറിയിച്ചു.തീ പൂർണമായും അണച്ചശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്ക് നീക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.
കപ്പല്‍ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു. 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്ക് കൊണ്ടുപോകാനാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് ലക്ഷ്യമിട്ടിരുന്നത്.
Kerala
കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലജീവന്‍ മിഷനുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകള്‍ക്ക് ഇതില്‍ മുന്‍ഗണന കൊടുത്തു പരിഹാരമുണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു .
തെള്ളകം ഡിഎം കണ്വന്ഷന് സെന്ററില്‍ ചേര്‍ന്ന എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പദ്ധതികള്‍ സംബന്ധിച്ച മേഖലാതല അവലോകനയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സിഎംഎല്‍ആര്‍ആര്‍പി 2.0)യുമായി ബന്ധപ്പെട്ടു കരാറുകാര്‍ക്കുള്ള നിരക്ക് പരിഷ്കരിച്ചിട്ടുള്ളതാണ്. ഇതനുസരിച്ചു നേരത്തേ നിശ്ചയിച്ച ദൂരത്തില്‍ തന്നെ റോഡുകള്‍ പൂര്‍ത്തിയാക്കും. സാങ്കേതികകാര്യങ്ങള്‍ വേഗം പരിഹരിക്കണം. ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ചു വ്യക്തത വരുത്തിയ ഉത്തരവ് പുറത്തിറക്കണം.
ലഹരി വിരുദ്ധ കാന്പയിൻ
ലഹരിവിരുദ്ധ കാന്പയിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം സ്കൂളുകളിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി. നല്ലരീതിയിലുള്ള വ്യായാമങ്ങളും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകണം. ഇതുസംബന്ധിച്ചു ചില വിവാദങ്ങള്‍ ചില കോണുകളില്‍ നിന്നുയര്‍ന്നുവന്നുവെങ്കിലും അതു പെട്ടെന്നു തന്നെ അവസാനിച്ചുവെന്നാണു തോന്നുന്നത്.
പുനര്‍ഗേഹം
ഭവനപദ്ധതി
മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി നിര്‍മിച്ച പുനര്‍ഗേഹം ഭവനപദ്ധതിയില്‍ ചില ഫ്ളാറ്റുകള്‍ ഒഴിവുണ്ട്. ഗുണഭോക്താക്കളായവരില്‍ ചിലര്‍ ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. മത്സ്യത്തൊഴിലാളികള്‍ അല്ലാത്തവര്‍ക്കായി വീടു നല്‍കുന്നത് കാര്യം പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ പറ്റുമെന്നു ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിര്‍മാണം വേഗത്തിലാക്കണം
ലൈഫ് മിഷനില്‍ 4.5 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാനായി. ബാക്കി വീടുകളുടെ നിര്‍മാണം വേഗത്തിലാക്കണം. മനസോടിത്തിരി മണ്ണ് ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം.
കോളിഫോം പരിശോധന
ജലാശയങ്ങളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം സംബന്ധിച്ചു തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പരിശോധന വേണം. സാധാരണക്കാര്‍ക്ക് കിണര്‍വെള്ളം ചുരുങ്ങിയ ചെലവില്‍ പരിശോധിക്കുന്നതിനാണ് സ്കൂളുകളില്‍ ലാബുകള്‍ സജ്ജമാക്കിയത്. ഇക്കാര്യത്തില്‍ വേണ്ടത്ര പുരോഗതിയില്ല. ഇതിന്റെ പുരോഗതി വിദ്യാഭ്യാസവകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങളും ജില്ലാ കളക്ടര്‍മാരും ഇടപെട്ട് വിലയിരുത്തണം.
മാലിന്യ നിര്‍മാര്‍ജനം
വിനോദസഞ്ചാരമേഖലകളില്‍ മാലിന്യനിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. മാലിന്യമുക്തം എന്നത് പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണം. പച്ചത്തുരുത്ത് പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കണം. ഏത് ഉന്നതനായാലും നടപടിക്രമങ്ങള്‍ പാലിക്കണം. നടപടിക്രമങ്ങള്‍ പാലിച്ചു കാര്യങ്ങള്‍ വേഗത്തിലാക്കാനാണ് പരിശ്രമിക്കേണ്ടത്.
മേഖലാതല യോഗങ്ങൾ ഫലപ്രാപ്തിയില്‍
ഇത്തവണത്തെ മേഖലാതലയോഗങ്ങള്‍ നല്ലരീതിയിലാണ് നടന്നത്. മുന്‍കാലങ്ങളില്‍ നടന്ന മേഖലാതല യോഗത്തെ അപേക്ഷിച്ച് പരിഗണിക്കേണ്ട ഗൗരവമുള്ള വിഷയങ്ങള്‍ കുറഞ്ഞു. പൊതുകാര്യങ്ങളുെ വേഗത കൂട്ടുന്നതിന് ഇത്തരത്തിലുള്ള യോഗങ്ങള്‍. വേഗത്തില്‍ തീരുമാനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നിലവില്‍ ഫയല്‍ അദാലത്തുകള്‍ നടക്കുന്നു. ഇത്തരം യോഗങ്ങള്‍ ഭരണനടപടികള്‍ വേഗത്തിലാക്കാന്‍ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മന്ത്രിമാരായ കെ. രാജന്, കെ. കൃഷ്ണന്‍കുട്ടി, റോഷി അഗസ്റ്റിന്, എ.കെ. ശശീന്ദ്രന്, വി.എന്‍. വാസവന്, പി. രാജീവ്, സജി ചെറിയാന്, എം.ബി. രാജേഷ്, ഒ.ആര്. കേളു, പി. പ്രസാദ്, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖര്‍, വകുപ്പുസെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഭരണ സ്തംഭനം. ബജറ്റ് പാസാകാത്തതിനെ തുടർന്ന് മൂന്നു മാസത്തേക്ക് പാസാക്കിയ വോട്ട് ഓണ്‍ അക്കൗണ്ടിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതോടുകൂടി സർവകലാശാലയിലെ സാന്പത്തിക ഇടപാടുകൾ സ്തംഭിച്ചു. ഇതോടെ ജൂലൈ ഒന്ന്, രണ്ട് തീയതികളിൽ നൽകേണ്ട പെൻഷൻ വിതരണം ഉൾപ്പെടെയുള്ളവയുടെ വിതരണം മുടങ്ങി.
വി സി -സിൻഡിക്കേറ്റ് പോരിന്റെ ഭാഗമായി ബജറ്റിന് അനുമതി നൽകേണ്ടിയിരുന്ന സർവകലാശാലയിലെ സിൻഡിക്കേറ്റിന്റെയും ബോർഡ് ഓഫ് ഗവർണേഴ്സിന്റെയും യോഗങ്ങളിൽ അംഗങ്ങൾ പങ്കെടുക്കാത്തതിനെ തുടർന്ന് ക്വാറം തികയാത്ത സാഹചര്യമുണ്ടായി. തുടർന്ന് വൈസ്ചാൻസലർ മൂന്ന് മാസത്തെ ധന വിനിയോഗത്തിനായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുകയാണ് ചെയ്തത്. ഇതിന്റെ കാലാവധി ജൂണിൽ അവസാനിച്ചതോടെ ഈ മാസം സർവകലാശാലയിലെ എല്ലാ ധന ഇടപാടുകളും മുടങ്ങിയിരിക്കുകയാണ്.
വൈസ്ചാൻസലർ നിയമനത്തിന് എതിരായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് സർവകലാശാലയിലെ സിൻഡിക്കേറ്റും ബോർഡ് ഓഫ് ഗവർണേഴ്സും എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നത് വിലക്കി ഇടക്കാല വിധി കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സർവകലാശാല ബജറ്റ് അംഗീകരിക്കാൻ കഴിയാത്ത നിലയിലാണ്. സാന്പത്തിക കാര്യങ്ങൾ കൂടാതെ വിദ്യാർഥികളുടെ പരീക്ഷ സംബന്ധിച്ച പരാതികൾ തീർപ്പാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാതെ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് സാങ്കേതിക സർവകലാശാല.
എല്ലാ മാസവും വൻ തുകയാണ് സർവകലാശാലയുടെ സോഫ്റ്റ് വേറിനു വേണ്ടി കെൽട്രോണ്‍ മുഖേന സ്വകാര്യ സ്ഥാപനത്തിന് നൽകേണ്ടത്. ഇതു മുടങ്ങിക്കഴിഞ്ഞാൽ സോഫ്റ്റവേർ സേവനങ്ങൾ ലഭ്യമാകാതെ പരീക്ഷ നടത്തിപ്പ് ഉൾപ്പെടെ അവതാളത്തിൽ ആയേക്കാം.